
ദോഹ: ഫ്രണ്ട്സ് ഓഫ് എൻവയോൺമെന്റ് സെന്റർ ആസ്ഥാനത്ത് നടന്ന രണ്ടാമത് റമദാൻ ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ അസർബൈജാൻ താരം അസദ്ലി വുഗാർ ജേതാവായി. ആവേശകരമായ ഒമ്പത് റൗണ്ട് മത്സരങ്ങൾക്കൊടുവിൽ ഒമ്പത് പോയിന്റുകൾ നേടിയാണ് വുഗാർ കിരീടം സ്വന്തമാക്കിയത്. എട്ട് പോയിന്റുകൾ നേടിയ ഫിലിപ്പൈൻസ് താരം ലയോള റോളറ്റ്സൺ ജൂനിയർ രണ്ടാം സ്ഥാനവും, ഏഴ് പോയിന്റുകൾ നേടിയ ഇന്ത്യൻ താരം അക്ഷിത് ശരവണൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തർ ചെസ് അസോസിയേഷനും (QCA) ദോഹ യൂത്ത് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര റേറ്റിംഗ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 ഓളം പുരുഷ-വനിതാ താരങ്ങൾ പങ്കെടുത്തു. സ്വിസ് സിസ്റ്റം അനുസരിച്ചായിരുന്നു മത്സരങ്ങൾ. ഓരോ കളിക്കാരനും മൂന്ന് മിനിറ്റും ഓരോ നീക്കത്തിനും രണ്ട് സെക്കൻഡ് അധികവും (Increment) അനുവദിച്ചുകൊണ്ടുള്ള സമയക്രമത്തിലാണ് മത്സരങ്ങൾ നടന്നത്.
ദേശീയ ടീം അംഗങ്ങളുൾപ്പെടെയുള്ള ഖത്തറി താരങ്ങളും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. റയാൻ മുഹമ്മദ് ഫർദൂസിനെ മികച്ച ഖത്തറി താരമായും, ലയാൻ അൽ ഖസബിയെ മികച്ച ഖത്തറി വനിതാ താരമായും തിരഞ്ഞെടുത്തു.
രാജ്യത്ത് ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കളിക്കാർക്ക് മികച്ച മത്സരാനുഭവം നൽകുന്നതിനുമായാണ് ഇത്തരം ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതെന്ന് ഖത്തർ ചെസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഹമദ് അൽ തമീമി പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സമൂഹത്തിൽ ചെസ് സംസ്കാരം വ്യാപിപ്പിക്കാൻ അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











